
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പള്ളിക്കൽ സ്വദേശി അഞ്ജലി റാണിയാണ് മരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ അഞ്ജലി റാണിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് 'ഞാൻ പോകുന്നു' എന്ന് എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, മരണകാരണമെന്താണെന്ന് വ്യക്തമല്ല.
വിവാഹിതയായ അഞ്ജലി ജോലിസൗകര്യാർഥം നെയ്യാറ്റിൻകരയിലെ ഒരുവീട്ടിൽ പേയിങ്ഗസ്റ്റ് ആയി താമസിച്ചുവരികയായിരുന്നു. സ്ഥാപനത്തിലെ നാലുപേർ ആയിരുന്നു ഇവരോടൊപ്പം മുറിയിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിഡ്യൂട്ടി ആയതിനാൽ അഞ്ജലിക്ക് ശനിയാഴ്ച അവധിയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരും ഡ്യൂട്ടിക്ക് പോയിരുന്നു.
സംഭവസമയം അഞ്ജലി മാത്രമാണ് താമസസ്ഥലത്തുണ്ടായിരുന്നത്. ഏറെനേരമായിട്ടും അഞ്ജലിയെ പുറത്ത് കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.











